CMDRF

ഇവിടെ പുരുഷൻമാർക്ക് ‘നോ എൻട്രി’ സ്ത്രീകൾക്ക് മാത്രമായുള്ള ​ഗ്രാമം

ഇവിടെ പുരുഷൻമാർക്ക് ‘നോ എൻട്രി’ സ്ത്രീകൾക്ക് മാത്രമായുള്ള ​ഗ്രാമം
ഇവിടെ പുരുഷൻമാർക്ക് ‘നോ എൻട്രി’ സ്ത്രീകൾക്ക് മാത്രമായുള്ള ​ഗ്രാമം

സ്ത്രീകൾ സുരക്ഷിതരല്ല, സ്ത്രീകൾക്ക് പരി​ഗണനയില്ല എന്ന് പറഞ്ഞ് പ്ലക്കാർഡുകൾ ഉയരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് മാത്രമായി ഒരു ​ഗ്രാമമുണ്ടത്രെ… അതെ അങ്ങനെ ഒരു ​ഗ്രാമമുണ്ട്, പ്രതീക്ഷിച്ചപോലെ സംഭവം ഇവിടെയൊന്നുമല്ല അങ്ങ് കെനിയയിലാണ്. പുരുഷൻമാർക്ക് ഇവിടേക്ക് പ്രവേശനമില്ല. ഉമോജ എന്ന ഈ ​ഗ്രാമത്തിൽ ലൈംഗികാതിക്രമത്തിനിരയായവരും, ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടവരും, ചൂഷണത്തിനിരയായവരുമാെക്കെയായ് ധാരാളം പേരുണ്ട്. എന്തിൽ നിന്നൊക്കെയോ ഓടി രക്ഷപ്പെട്ട് വന്ന് അഭയം പ്രാപിച്ചവർ.

തലസ്ഥാന നഗരമായ നയ്റോബിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയുള്ള ഉമോജ ​ഗ്രാമം 1990 ലാണ് സ്ഥാപിക്കപ്പെട്ടത്. സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന 50 ഓളം കുടുംബങ്ങളുള്ള ഈ ഗ്രാമത്തെ വെളിച്ചത്ത് കൊണ്ടുവന്നത് ഘാനയിലെ പോള്‍ നിന്‍സണ്‍ എന്ന ഫോട്ടോഗ്രാഫറാണ്. 2017 ല്‍ ഉമോജയിലേക്ക് പോള്‍ നടത്തിയ യാത്രയിലൂടെ സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന 50 ഓളം കുടുംബങ്ങളയാണ് ഉമോജിയിൽ കണ്ടെത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളോടും അവരോടുള്ള സമൂഹത്തിന്‍റെ ദുഷിച്ച മനോഭാവത്തോടും പൊരുത്തപ്പടാൻ കഴിയാത്ത സ്ത്രീകളാണ് ഇവിടുത്തെ നിവാസികള്‍.

പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ഇവിടെക്കെത്തിയ പോള്‍ നിന്‍സണ്‍ പറയുന്നത്, ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കിയതിന് ശേഷം മാത്രമാണ് ഗ്രാമത്തിലേക്ക് സ്ത്രീകള്‍ പ്രവേശനം നല്‍കിയതെന്നാണ്. താൻ എടുത്ത ചിത്രങ്ങള്‍ അവരെ കാണിച്ചപ്പോള്‍ അവര്‍ക്ക് ഒരുപാട് സന്തോഷമാവുകയാണ് ഉണ്ടായതെന്നും പോള്‍ നില്‍സണ്‍ പറഞ്ഞു.

വളരെ എളിമയോടെ സാധാരണ ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഉമോജ ഗ്രാമത്തിലുള്ളത്. ഇവിടെ ഒരു പ്രൈമറി സ്കൂളും സാംസ്കാരിക കേന്ദ്രവും കൂടാതെ തൊട്ടടുത്തുള്ള സാംബു നാഷണൽ റിസർവ് സന്ദർശിക്കുന്ന സഞ്ചാരികൾക്കായി ക്യാമ്പിംഗ് സൈറ്റ് എന്നിവയും ഈ സ്ത്രീകള്‍ നടത്തുന്നുണ്ട്. ആഭരണ നിര്‍മാണമാണ് ഇവരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. പ്രവേശനമില്ലെങ്കിലും പുരുഷൻമാർക്ക് ഇവിടം സന്ദർശിക്കാം.

ബ്രിട്ടീഷ് പട്ടാളക്കാരുടെ ബലാത്സംഗത്തെ അതിജീവിച്ച 15 സ്ത്രീകളാണ് ആദ്യമായി ഈ ​ഗ്രാമം സ്ഥാപിക്കുന്നത്. സാംബുരു ഗോത്ര സമൂഹത്തില്‍ മൂന്നാംകിടയായി താഴ്ത്തപ്പെട്ടവരായിരുന്നു എപ്പോഴും സ്ത്രീകൾ. അവർക്ക് സമൂഹത്തിൽ യാതൊരുവിധ അവകാശങ്ങളുമില്ല. നിര്‍ബന്ധിത വിവാഹം, ബലാത്സംഗം, ഗാര്‍ഹിക പീഡനം മുതല്‍ ജനനേന്ദ്രിയ ഛേദം വരെ അവര്‍ അനുഭവിച്ചിരുന്നു. തൊണ്ണൂറുകളില്‍ നിരവധി സംബുരു സ്ത്രീകളെ ബ്രിട്ടീഷ് പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത റിപ്പോര്‍ട്ടുകള്‍ വന്നു. ലൈംഗിക രോഗങ്ങള്‍ വരുമോ എന്നുള്ള ഭയം മൂലം ഇവരെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു.

ഇങ്ങനെ നിരാലംബരായി മാറിയ സ്ത്രികളാണ് ഇത്തരമാെരു ​ഗ്രാമത്തിന് തിരികൊളുത്തിയത്. ഇവരുടെ നേതാവായ റെബേക്ക ലോലോസോലി എന്ന സ്ത്രീ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചതിന്റെ ഫലമായി ധാരാളം ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് പോയി വിവാഹം കഴിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശവും ഈ ഗ്രാമത്തിലുണ്ട്. പക്ഷേ പുരുഷന്മാര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിക്കുകയില്ല. ​ഗ്രാമത്തിലെ സ്ത്രീകൾക്കുണ്ടാകുന്ന ആൺകുട്ടികൾക്ക് പോലും 18 വയസ്സ് തികയുന്നത് വരെ മാത്രമെ ​ഗ്രാമത്തിൽ നിൽക്കാനാവു.

REPORT: ANURANJANA KRISHNA

Top