ചിറയിൻകീഴ്: മീൻ വാങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. തുണ്ടത്തിൽ സ്വദേശി വിഷ്ണു(32)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെ ചിറയിൻകീഴ് പുളിമൂട്ടിൽ കടവിനു സമീപമാണ് സംഭവം. ചൂണ്ടയിട്ടു പിടിച്ച മീൻ വാങ്ങാനെത്തിയ വിഷ്ണുവും സുഹൃത്തും അവിടെയുണ്ടായിരുന്ന ജയനെന്ന ആളുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് ജയൻ വിഷ്ണുവിനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.
Also Read: നഴ്‌സിങ് വിദ്യാർഥിയുടെ മരണം; സഹപാഠികൾക്കിടയിൽ നടന്ന പ്രശ്‌നങ്ങൾ തന്നെയെന്ന് നിഗമനം
കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ജയൻ നിരവധി കേസിലെ പ്രതിയാണെന്നും പെട്ടെന്നുണ്ടായ പ്രകോപനം മാത്രമല്ല കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി ജയൻ കസ്റ്റഡിയിലായതായി സൂചനയുണ്ട്.