CMDRF

മോഷണ ശേഷം മുങ്ങിയ യുവാവ് പിടിയില്‍

ബാഗില്‍ നിന്ന് നീല ഷര്‍ട്ടും വീട് കുത്തിത്തുറക്കാനുള്ള ആയുധങ്ങളും പൊലീസിന് ലഭിച്ചു.

മോഷണ ശേഷം മുങ്ങിയ യുവാവ് പിടിയില്‍
മോഷണ ശേഷം മുങ്ങിയ യുവാവ് പിടിയില്‍

കറുകച്ചാല്‍: ചങ്ങനാശ്ശേരി ശാന്തിപുരത്ത് മോഷണം നടത്തിയ ശേഷം മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാനി കുഴിക്കാലയില്‍ രാജേഷ് (45)നെയാണ് പിടികൂടിയത്. കോന്നി, കൊടുമണ്‍, അടൂര്‍, കറുകച്ചാല്‍ അടക്കമുള്ള പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ മാസം 20ന് കറുകച്ചാലിന് സമീപത്തുള്ള ശാന്തിപുരത്തെ മുതിരപ്പറമ്പില്‍ ജെസി സെബാസ്റ്റ്യന്റെ വീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറി പെണ്‍കുട്ടിയുടെ കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന കമ്മലും ബാഗിലുണ്ടായിരുന്ന പണവും അടക്കമാണ് 45കാരന്‍ അടിച്ച് മാറ്റിയത്. ജനല്‍ കൊളുത്ത് തുറന്ന് വീടിനുള്ളില്‍ കയറിയ ശേഷം മുന്‍വാതില്‍ തുറന്നിട്ട ശേഷമായിരുന്നു മോഷണം.

Also Read: മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതോടെ ഇയാള്‍ മുന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ പെട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം വീട്ടിലേക്ക് എത്തിയതാണ് രാജേഷിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

സ്വര്‍ണവും പണവുമായി ഇയാള്‍ ഓടിക്കയറിയത് പെട്രോളിംഗ് വാഹനത്തിന് മുന്നിലായിരുന്നു. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ കൈയ്യിലുണ്ടായിരുന്ന ബാഗ് ഇയാള്‍ വലിച്ചെറിഞ്ഞ് കാട്ടിലേക്ക് കയറി 45കാരന്‍ മുങ്ങി. എന്നാല്‍ ബാഗില്‍ നിന്ന് നീല ഷര്‍ട്ടും വീട് കുത്തിത്തുറക്കാനുള്ള ആയുധങ്ങളും പൊലീസിന് ലഭിച്ചു.

Also Read: ചെ​ക്കി​ൽ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം തട്ടൽ; അ​ക്കൗ​ണ്ട​ൻറ് പി​ടി​യി​ൽ

ഇതോടെയാണ് മോഷണ ശേഷം വസ്ത്രം മാറി രക്ഷപ്പെടുന്ന സ്ഥിരം കുറ്റവാളികളിലേക്ക് അന്വേഷണം എത്തിയത്. അന്വേഷണത്തില്‍ രാജേഷിനെ മേഖലയിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ഒളിവില്‍ പോയ രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Top