ശ്രീകണ്ഠപുരം: സഹോദരനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂട്ടുംമുഖത്തെ കമുകറകണ്ടി പുതിയപുരയില്‍ ഹൗസില്‍ കെ.പി.നവാസിനെയാണ് (32) ശ്രീകണ്ഠപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എം.വി ഷിജു അറസ്റ്റ് ചെയ്തത്. നവാസിന് മത്സ്യവില്‍പനയാണ് തൊഴില്‍. ഭാര്യയുണ്ടായിരിക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്. ബുധനാഴ്ച്ച ഉച്ച 12.45ഓടെയാണ് കേസിനാസ്പദമായ സംഭവം. എള്ളരഞ്ഞിയിലെ കമുകറകണ്ടി പുതിയപുരയില്‍ കെ.പി. മഹറൂഫിനെ (38) വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ മാതാവിന്റെ സഹോദരിയുടെ മകനാണ് മഹറുഫ്.
വിവാഹിതനായ നവാസ് ആ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടിരുന്നു പരാതിയെ ത്തുടര്‍ന്ന് കേസെടുത്ത പൊലീസ് നവാസിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് നവാസ് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല.
മഹ്‌റൂഫിന്റെ ഒത്താശയോടെയാണ് കുടുംബാംഗങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് കരുതിയ യുവാവ് കുടുംബാംഗങ്ങളെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വന്ന നവാസ് പരിപ്പായിയില്‍ നിര്‍ത്തിയിട്ട മഹറൂഫിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മഹറുഫിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കിയതോടെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.