വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച് കൊണ്ടുപോകുന്നതിനിടെ ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കി 25കാരി. ജഹനാര ബീഗം എന്ന യുവതിയാണ് വെള്ളപ്പൊക്കത്തിനിടയില്‍ ആശുപത്രിയിലെത്തും മുന്‍പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജഹനാരയുടെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. യുവതിയെയും, നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാര്‍ഗാവ് പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ പബന്‍ കുമാര്‍ പട്ടോര്‍ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വൈദ്യസഹായം നല്‍കുന്ന മെഡിക്കല്‍ സംഘമാണ് സ്ത്രീയെ അടുത്തുള്ള പിഎച്ച്സിയിലേക്ക് എത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രധാനമായും ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് വൈദ്യസഹായം നല്‍കാനാണ് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. അസം ദുരന്ത നിവാരണ അതോറിറ്റി (എഎസ്ഡിഎംഎ) പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 170 മെഡിക്കല്‍ ടീമുകളെ അസമില്‍ വിന്യസിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതും ഈ സംഘത്തിന്റെ ലക്ഷ്യമാണ്.