കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയുടെ സുഹൃത്തായ ഡോ ശ്രീക്കുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ കാറിടിച്ച ശേഷം അജ്മൽ വാഹനം നിർത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറിൽ നിന്നാണ് ലഭിച്ചത്. സുഹൃത്തിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അജ്മൽ ഒളിവിൽ പോകുകയായിരുന്നു.
Also read: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍
മൊബൈൽ ഓഫ് ആയതിനാൽ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷൻ ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.