തിരുവനന്തപുരം: പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം. സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും പായൽപരിസരം വിട്ട് പുറത്തേക്കുവന്നയാളാണ് സരിനെന്നും റഹീം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. സരിനെ ഹൃദയം കൊണ്ട് സ്വീകരിക്കാം ചേർത്തുനിർത്താം.സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു..
എ എ റഹീമിന്‍റെ വാക്കുകൾ
‘എന്ത് കൊണ്ട് സരിന് പിന്തുണ നൽകണം? സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ട്.എന്തുകൊണ്ട് വടകരയിൽ കെ മുരളീധരനെ മാറ്റി പാലക്കാട് എംഎൽഎയെ അങ്ങോട്ടേക്ക് മാറ്റി? എന്തുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവം പാലക്കാട് പോലെ ഹൈലി സെൻസിറ്റീവായ ഒരു മണ്ഡലത്തിൽ വിളിച്ചുവരുത്തി? ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നുണ്ട്. അത് പ്രസക്തമാണ്.
ഇന്നലെകളിൽ ഡിവൈഎഫ്‌ഐയും ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിയ അതേ ചോദ്യം, കോൺഗ്രസ് ഇതുവരെ ഉത്തരം പറയാത്ത ചോദ്യം. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപിക്ക് ഒരു പ്രതീക്ഷയും നൽകാത്ത മണ്ഡലത്തിൽ കോൺഗ്രസ് ബോധപൂർവ്വമാണ് ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തിയത്. ഇതൊക്കെ സരിൻ ചോദ്യം ചെയ്തിരുന്നു. പായൽപരിസരം വിട്ട് പുറത്തേക്കുവന്നയാളാണ് സരിൻ. അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാം. ചേർത്തുനിർത്താം. സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നു.’