ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളയാന്‍ ആഹ്വാനം ചെയ്ത ആംആദ്മി പാര്‍ട്ടി. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും.
മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്രിവാളിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്നും പ്രതിഷേധിക്കും. കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ ഇഡി തുടരുകയാണ്. മദ്യനയ അഴിമതിയില്‍ കസ്റ്റഡിയിലൂള്ള കെ കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റൗസ് അവന്യു കോടതിയില്‍ ഹാജരാക്കുന്ന കവിതയെ വീണ്ടും കസ്റ്റഡില്‍ വേണമെന്ന് ഇഡി ആവശ്യപ്പെടും.