ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവ് സൗരഭ് ഭരദ്വാജ്. കെജ്രിവാളിന് ഇന്‍സുലിന്‍ അനുവദിക്കണമെന്നും ജയിലിനുള്ളില്‍ ഡോക്ടറെ കാണാനുള്ള അനുമതി നല്‍കണമെന്നുള്ള എഎപിയുടെ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ച ഡല്‍ഹി കോടതി മാറ്റിവെച്ചതിനുപിന്നാലെയാണ് എഎപി നേതാവിന്റെ ആരോപണം. ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്രിവാളിന് ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ.എ.പി. നേതാവ് പറഞ്ഞു.
കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചന നടന്നുവരികയാണെന്ന് കെജ്രിവാളിന്റെ പ്രമേഹപരിശോധനാഫലം ചൂണ്ടിക്കാട്ടി ഭരദ്വാജ് ആരോപിച്ചു. കെജ്രിവാളിന് ഇന്‍സുലിന്‍ അനുവദിക്കാത്തതില്‍ തിഹാര്‍ ഭരണകൂടം, ബി.ജെ.പി, കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവയ്ക്കെതിരെ ഭരദ്വാജ് കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ആന്തരാവയവങ്ങള്‍ തകരാറിലാക്കി കെജ്രിവാളിനെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഭരദ്വാജ് പറഞ്ഞു. രണ്ടോ നാലോ മാസത്തിനുശേഷം കെജ്രിവാള്‍ ജയില്‍മോചിതനാകുമ്പോള്‍ അദ്ദേഹം വൃക്ക, ഹൃദയം, മറ്റവയവങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് പറഞ്ഞു.
ജാമ്യം അനുവദിച്ചുകിട്ടുന്നതിനായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ കെജ്രിവാള്‍ മാമ്പഴം, ആലൂ-പൂരി, മധുരം ചേര്‍ത്ത ചായ എന്നിവ കഴിക്കുകയാണെന്ന് നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിക്കുന്നതിനുവേണ്ടി പക്ഷാഘാതം വരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി ഒരുക്കമല്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി മറുപടി നല്‍കിയിരുന്നു. കെജ്രിവാളിന്റെ വസതിയില്‍നിന്ന് 48 തവണ ജയിലിലെത്തിച്ച ഭക്ഷണത്തില്‍ മൂന്ന് മാമ്പഴം മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നതെന്നും സിംഗ്വി കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ആരോപണങ്ങളെ കെജ്രിവാളും കോടതിയില്‍ നിഷേധിച്ചിരുന്നു.