ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍. ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്ന വിധിയാണെന്ന് അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം. വിധിയില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മര്‍ലേന പ്രതികരിച്ചത്. തെളിവുകളില്ലാതെയും എഫ്‌ഐആര്‍ ഇല്ലാതെയുമാണ് അറസ്റ്റ് ചെയ്തത്. ഏകാധിപത്യത്തിന്റെ ഇരുണ്ട യുഗത്തില്‍ പ്രതീക്ഷയുടെ വെളിച്ചമായ ഉത്തരവാണിതെന്നും അതിഷി പറഞ്ഞു.
വിധിയിലൂടെ ജനാധിപത്യവും ഭരണഘടനയുമാണ് വിജയിച്ചതെന്ന് രാഘവ് ചദ്ദ പറഞ്ഞു. ജയിലിന്റെ പൂട്ട് തകര്‍ത്ത് കെജ്രിവാള് ഉടന്‍ പുറത്ത് വരും. സുപ്രീം കോടതി ജനാധിപത്യം സംരക്ഷിച്ചു. വിപ്ലവം നീണാള്‍ വാഴുമെന്ന് രാഘവ് ചദ്ദ വ്യക്തമാക്കി. സത്യം പരീക്ഷിക്കപ്പെട്ടേക്കാം പക്ഷേ പരാജയപ്പെടില്ലെന്നാണ് സഞ്ജയ് സിങ് പ്രതികരിച്ചത്.