ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിക്കും. ദില്ലിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എ എ പി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം മുഖ്യമന്ത്രി സ്ഥാനത്ത് കെജരിവാൾ തുടരുന്നതിലെ ധാർമ്മികത ചോദ്യം ചെയ്ത് ബി ജെ പിയും പ്രതിഷേധത്തിലാണ്. ജയിലിൽ നിന്ന് ഭരിക്കാമെന്ന് കെജ്രിവാൾ കരുതേണ്ടെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഇ ഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം നടത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്. ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്രിവാീൾ ഇറക്കിയത്. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലാണ് ലഫ്. ഗവർണർക്ക് പരാതി നൽകിയത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നിയമലംഘനമാണെന്നും നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നകാര്യമടക്കം അന്വേഷിക്കണെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
അറസ്റ്റിന് ശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാൾ ഉത്തരവിറക്കിയത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് പുറത്തിറത്തിയത്. ദില്ലി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കെജ്രിവാൾ ഇറക്കിയിരിക്കുന്നത്. ജയിലിൽ നിന്ന് ദില്ലിയിലെ ജനങ്ങൾക്കായി കെജ്രിവാൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി അതീഷി പറഞ്ഞു. ദില്ലിയിലെ ജനങ്ങളാണ് കെജ്രിവാളിന്റെ കുടുംബമെന്നാണ് ഇതിനോട് അതീഷി പ്രതികരിച്ചത്.