ന്യൂഡൽഹി: എഎപിയുടെ ( ആം ആദ്മി ) പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന നിർദേശവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാർഗനിർദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബി.ജെ.പി നേരത്തെ പരാതി നൽകിയിരുന്നു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ‘ജയിൽ കാ ജവാബ് വോട്ട് സേ’ (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാർട്ടി എം.എൽ.എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്. ജയിലഴിക്കു പിന്നിൽ നിൽക്കുന്ന കെജ്‌രിവാളിന്റെ ചിത്രം പിടിച്ച് നിൽക്കുന്ന ജനക്കൂട്ടത്തെയും ഗാനരംഗത്തിൽ കാണാം.
1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഗാനത്തിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2024 മാർച്ചിൽ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പാർട്ടിയുടെ പ്രധാന നേതാവിന്റെ അഭാവത്തിലാണ് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അതിഷി ആരോപിച്ചു. ഉള്ളടക്കത്തിലെ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതോടെ ഗാനം അതിന്റെ നിലവിലെ രൂപത്തിൽ ഉപയോഗിക്കാൻ കഴിയാതെയായി.
ഗാനത്തിൽ വസ്തുതാപരമായ വീഡിയോകളും സംഭവങ്ങളും മാത്രമാണുള്ളത്. ബി.ജെ.പി നടത്തുന്ന തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളിൽ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിച്ചു. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യം ശരിയും, ആരെങ്കിലും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വലിയ തെറ്റും. ജനാധിപത്യം അപകടത്തിലാണെന്നതിന്റെ സൂചനയാണിത്. ബി.ജെ.പി നടത്തിയ ലംഘനങ്ങളിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അതിഷി ആവശ്യപ്പെട്ടു.