കൊല്ലം: വയനാട്ടിലെ ഉരുളെടുത്ത ജീവിതങ്ങൾക്ക് താങ്ങാവുകയാണ് കൊല്ലം സ്വദേശി അബ്ദുൾ അസീസ്. ദുരന്തബാധിതർക്കായി 100 കട്ടിലുകളാണ് അബ്ദുള്‍ അസീസ് നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. പത്താനാപുരത്ത് കട്ടിലുകളുടെ നിര്‍മാണവും തുടങ്ങി കഴിഞ്ഞു. രണ്ട് മാസം കൊണ്ട് മുഴുവൻ കട്ടിലുകളുടെയും നിർമ്മാണം പൂർത്തിയാക്കി വയനാട്ടിൽ എത്തിക്കാനാണ് ശ്രമം.
ഒരായുസിന്‍റെ അധ്വാനം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഉരുളെടുത്തുപോയ വയനാട്ടിലെ മനുഷ്യര്‍ക്കായി പുനരധിവാസത്തിനായി തന്നാൽ കഴിയുന്നത് ചെയ്യാനാണ് ശ്രമമെന്ന് പത്തനാപുരം സ്വദേശി അബ്ദുൾ അസീസ് പറഞ്ഞു. ദുരന്തബാധിതരുടെ താല്‍ക്കാലിക പുനരധിവാസം നടക്കാനിരിക്കെയാണ് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് തല ചായ്ക്കാൻ അബ്ദുള്‍ അസീസ് കട്ടിലുകള്‍ കൈമാറുന്നത്.
14 വർഷം മുമ്പ് സർക്കാർ ജോലിയിൽ നിന്നും വിരമിച്ച അബ്ദുള്‍ അസീസ് നീക്കിയിരിപ്പായ പെൻഷൻ തുകയടക്കം ഉപയോഗിച്ചാണ് കട്ടിലുകൾ പണിയുന്നത്. ദുരന്തഭൂമിയിൽ പകച്ചുനിൽക്കുന്നവരെ കൈപിടിച്ചു കയറ്റാൻ ഇങ്ങനെ നല്ല മനസുകൾ എല്ലാം ഒരുമിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് പലതരത്തില്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുള്ളത്.