വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.
വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കായി ട്രംപിനെ ക്ഷണിച്ച അദ്ദേഹം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും ബൈഡൻ അറിയിച്ചു.
Also Read: റഷ്യ – ഉത്തര കൊറിയ കൂട്ടുകെട്ട് യുഎസ് സുരക്ഷയ്ക്ക് ഭീഷണി; മാര്‍ക്ക് റുട്ടെ
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയ്ക്കും അവരുടെ സംഘത്തിനും അഭിമാനിക്കാമെന്നും പറഞ്ഞ ബൈഡൻ തന്റെ സഹപ്രവർത്തകരോടും നന്ദി പറഞ്ഞു. കഴിഞ്ഞ നാല് വർഷം നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ സമയമാണെന്ന് എനിക്കറിയാം, നിങ്ങൾ വേദനിക്കുന്നുണ്ട്. ഞാൻ നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നേട്ടങ്ങൾ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.