യുഎഇയിൽ ബലാത്സംഗ ഇരകൾക്ക്​ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും

യുഎഇയിൽ ബലാത്സംഗ ഇരകൾക്ക്​ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും
യുഎഇയിൽ ബലാത്സംഗ ഇരകൾക്ക്​ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും

അബുദാബി: ബലാത്സംഗത്തിന്​ ഇരയാകുന്ന സ്ത്രീകൾക്ക്​ ഗർഭച്ഛിദ്രത്തിന് യു.എ.ഇയിൽ​ അനുമതി നൽകും. ഈ മാസം തുടക്കത്തിൽ മന്ത്രിസഭ പാസാക്കിയ ആരോഗ്യ സംരക്ഷണ നിയമത്തിലാണ്​ ഇക്കാര്യം പരാമർശിക്കുന്നത്​. സ്ത്രീയുടെ ഇഷ്ടത്തിന്​​ വിരുദ്ധമായി അവളുടെ സമ്മതമില്ലാതെ നടന്ന ശാരീരിക ബന്ധത്തിൻറെ ഫലമായുണ്ടാകുന്ന ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാമെന്നാണ്​ ഇതിൽ പറയുന്നത്​​.

കൂടാതെ ഗർഭധാരണത്തിന്​ കാരണമായ വ്യക്തി സ്ത്രീയുമായി വിവാഹ ബന്ധത്തിന്​ അനുവാദമില്ലാത്ത ബന്ധുവാണെങ്കിലും ഗർച്ഛിദ്രം നടത്താനുള്ള അപേക്ഷ പരിഗണിക്കാം. ഗർഭച്ഛിദ്രം നടത്തുന്നത്​ സംബന്ധിച്ചുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നേരത്തെ ആരോഗ്യ-​പ്രതി​രോധ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം ഗർഭച്ഛിദ്രം കേസുകൾ പരിഗണിക്കുന്നതിനായി എല്ലാ എമിറേറ്റിലും പ്രത്യേക വിദഗ്​ധ സമിതി രൂപവത്​കരിക്കണം. ആരോഗ്യ വകുപ്പിന്റെയോ എമിറേറ്റിലെ ആരോഗ്യ അതോറിറ്റി തലവന്റെയോ തീരുമാന പ്രകാരമായിരിക്കണം സമിതിക്ക്​ രൂപം നൽകേണ്ടത്​​.

ഗൈനക്കോളജി സ്​പെഷലിസ്റ്റ്​, മാനസികാരോഗ്യ വിദഗ്​ധൻ, പബ്ലിക്ക്​ പ്രോസിക്യൂഷൻ ​പ്രതിനിധി എന്നിവർ അടങ്ങുന്നതായിരിക്കണം​ സമിതി. പബ്ലിക്ക്​ പ്രോസിക്യൂഷൻ നൽകിയ തെളിവ്​ സഹിതമുള്ള റിപ്പോർട്ട്​ പരിശോധിച്ച ശേഷമാണ്​ തുടർ നടപടി സ്വീകരിക്കേണ്ടത്​. ആവശ്യമെങ്കിൽ സമിതി​ മൂന്നാം കക്ഷിയുമായി കൂടിയാലോചന നടത്താമെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്​. ഗർഭധാരണം സ്ത്രീയുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലോ ഗർഭപിണ്ഡത്തിൻറെ രൂപഭേദം ഗുരുതരമായതും നവജാത ശിശുവിൻറെ ആരോഗ്യത്തെ ബാധിക്കുകയോ ചെയ്യുന്നതാണെങ്കിലും ഗർഭച്ഛിദ്രത്തിന്​ അനുമതി നൽകാം​.

എന്നാൽ, ഗർഭച്ഛിദ്രം നടത്തുന്നതിനുമുമ്പ്​ സ്ത്രീരോഗ വിദഗ്​ധ പരിശോധിച്ച് സുരക്ഷ​ ഉറപ്പുവരുത്തണം. കൂടാതെ ആരോഗ്യ അതോറിറ്റിയുടെ ലൈസൻസുള്ള ആശുപത്രിയിലായിരിക്കണം ഗർഭച്ഛിദ്രം നടത്തേണ്ടത്​. ഗർഭച്ഛിദ്രം നടത്തുന്ന സമയത്ത് ഗർഭാവസ്ഥയുടെ കാലാവധി 120 ദിവസത്തിൽ കൂടരുത്. ഗർഭച്ഛിദ്ര നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികളുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും ഉത്തരവാദിത്തങ്ങളും കടമകളും വിശദീകരിക്കുന്ന ഒരു നയം വികസിപ്പിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. ഇതുവഴി അനുമതിയില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളിൽ ഗർഭച്ഛിദ്രം നടത്തുന്നതിലൂടെ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്​ ലക്ഷ്യം.

യു.എ.ഇയിലെ ക്രിമിനൽ നിയമപ്രകാരം 18 വയസ്സിന്​ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നത്​​ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണ്​. കഴിഞ്ഞ ഒക്​ടോബറിൽ പ്രാബല്യത്തിൽ വന്ന ഗർഭച്ഛി​ദ്ര നിയമം അടിയന്തര ഘട്ടങ്ങളിൽ ഭർത്താവിൻറെ അനുമതിയില്ലാതെ സ്ത്രീകൾക്ക്​ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകിയിരുന്നു.

Top