ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നിരന്തരം കുറഞ്ഞു വരുന്ന ഒരു രോഗാവസ്ഥ ആണ് ക്രോണിക് ഒബ്‌സ്ട്രക്‌റ്റീവ് പള്‍മനറി ഡിസീസ് അഥവാ സി.ഒ.പി.ഡി. ശ്വാസനാളത്തിന്റെ ചുരുക്കവും വായു അറകളുടെ നാശവും മൂലം നിരന്തരം പുരോഗമിക്കുന്ന ശ്വാസ തടസ്സം,അടിക്കടി ഉണ്ടാവുന്ന ചുമയും കഫക്കെട്ടലും എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. പുകവലിക്കുന്നവർക്കാണ് രോഗം കൂടുതൽ വരുക. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നുമുള്ള വിഷപ്പുകയും അന്തരീക്ഷമലിനീകരണവുമാണ് മറ്റുകാരണങ്ങള്‍. സി.ഒ.പി.ഡി. ബാധിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം ആറുലക്ഷത്തോളംപേര്‍ മരിക്കുന്നുണ്ട്.
രോഗികളില്‍ 86.5 ശതമാനവും പുകവലിക്കാരോ പുകവലിക്കുന്നയാളില്‍ നിന്നുള്ള പുക നിരന്തരം ശ്വസിക്കുന്നവരോ ആണ്. കരിമരുന്ന് പ്രയോഗം, കൊതുകുതിരികള്‍, വിറകടുപ്പില്‍നിന്നുള്ള പുക, അഗര്‍ബത്തികളുടെ പുക എന്നിവയും രോഗകാരണമാവാറുണ്ട്. ടി.ബി. അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും രോഗത്തിന്റെ ആക്കംകൂട്ടുന്നു. ലോകത്ത് മരണഹേതു ആവുന്ന രോഗങ്ങളില്‍ നാലാം സ്ഥാനം ആണ് സി.ഒ.പി.ഡി ക്ക്.
Also Read: പ്രതിവര്‍ഷം ഇന്ത്യയില്‍ സി.ഒ.പി.ഡി മൂലം മരിക്കുന്നത് ആറുലക്ഷത്തോളം പേർ
മരണത്തിനും ദീര്‍ഘകാല രോഗാതുരതയ്ക്കും കാരണമാവുന്ന ഈ രോഗം രാജ്യങ്ങളുടെ മാനവവിഭവശേഷിയും സാമൂഹിക സാമ്പത്തിക അവസ്ഥയെ വരെ ബാധിക്കുന്നതും ആണ്. സി.ഒ.പി.ഡി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ ആയി കുത്തനെ ഉയരുന്നതായാണ് കണക്കുകള്‍. രോഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഉള്ള വര്‍ധനയാണ് പ്രധാന കാരണം. 2016 ല്‍ ഇന്ത്യയില്‍ 2.2 കോടി സി.ഒ.പി.ഡി ബാധിതര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഹൃദയാഘാതവും,പക്ഷാഘാതവും മൂലം ഉണ്ടാവുന്ന മരണത്തെക്കാള്‍ കൂടുതല്‍ സി.ഒ.പി.ഡി കൊണ്ട് മരണപ്പെടുന്നു.
Also Read: പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ നോക്കാം
ശ്വാസകോശശേഷി പരിശോധന, സ്‌പൈറോമെട്രി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ തുടങ്ങിയ ഘട്ടങ്ങളിലൂടെ രോഗി കടന്നുപോകേണ്ടിവരുന്നു. ഫിസിയോതെറാപ്പിമുതല്‍ ശ്വസനക്രിയവരെ പ്രാഥമികഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. നിവാരണമാര്‍ഗങ്ങള്‍ പുകവലിയില്‍നിന്നും വിട്ടുനില്‍ക്കുക, ശ്വസനവ്യായാമങ്ങള്‍ ശീലിക്കുക, അന്തരീക്ഷമലിനീകരണം കുറയ്ക്കുക, പൊടിപടലങ്ങളില്‍നിന്നും പുക ശ്വസിക്കേണ്ടിവരുന്ന ജോലികളില്‍നിന്നും കഴിവതും വിട്ടുനില്‍ക്കുക, രോഗപ്രതിരോധ കുത്തിവെപ്പുകളും ചികിത്സയും മരുന്നും സ്വീകരിക്കുക, എന്നിവയൊക്കെയാണ്.