ഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപിയുടെ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേനേതാക്കളുടെ അസാന്നിധ്യം. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിലെ ബിജെപി നേതാക്കളുടെ അസാന്നിദ്ധ്യം. അതേ സമയം ചൊവ്വാഴ്ച ചുമതലയേറ്റെടുത്ത കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ സഹമന്ത്രിയായ ജോര്‍ജ് കുര്യനെ അഭിനന്ദിക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളെത്തി. രാധാകൃഷ്ണ മേനോന്‍, എസ് സുരേഷ് തുടങ്ങിയ നേതാക്കളാണ് ജോര്‍ജ് കുര്യന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ജോര്‍ജ് കുര്യനെ ഓഫീസിലെത്തി അഭിനന്ദിച്ച വി മുരളീധരന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക മീഡിയ വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോര്‍ജ് കുര്യന്‍ ചുമതലയേറ്റ ചിത്രങ്ങളും വാര്‍ത്തയും പ്രസിദ്ധീകരണത്തിനായി നല്‍കിയപ്പോഴും സുരേഷ് ഗോപിയെ അവഗണിച്ചു. പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേഷ് എന്നിവര്‍ മാത്രമാണ് ഇതുവരെ നേരിട്ട് അഭിനന്ദിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇതുവരെ കാണാന്‍ തയാറായിട്ടില്ല.
ടൂറിസം സഹമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ ഇതുവരെ ഉപയോഗിക്കാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം വികസനത്തിലെ തടസ്സങ്ങള്‍ നീക്കി അടുത്ത പടിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. എയിംസിനായി ശ്രമം തുടരും- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.