അബൂദബി: ഗ്ലോബല്‍ എസ്.ഡബ്ല്യു.എഫ് ലോകത്തെ ഏറ്റവും സമ്പന്നനഗരമായി തിരഞ്ഞെടുത്തത് അബൂദബിയെ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് അബൂദബി ഏറ്റവും സമ്പന്നമായ നഗരമായത്. ഈയിനത്തില്‍ 1.7 ലക്ഷം കോടി ഡോളറാണ് അബൂദബിയുടെ മൂലധനം. രണ്ടാം സ്ഥാനത്തിന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ അര്‍ഹമായി. ബീജിങ്, സിംഗപ്പൂര്‍, റിയാദ്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് മൂന്നുമുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളിൽ.
അബൂദബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, മുബാദല, അബൂദബി ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സില്‍, അബൂദബി ഡെവലപ്മെന്റല്‍ ഹോള്‍ഡിങ് കമ്പനി, ലുനേറ്റ്, അബൂദബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്, തവസുന്, എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയുടെ ആസ്തികളാണ് അബൂദബിയെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. 2024 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 12.5 ലക്ഷം കോടി ഡോളര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ നിയന്ത്രിക്കുന്ന മൂലധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും പട്ടികയിലെ ആദ്യ ആറു സ്ഥാനങ്ങളിലിടം പിടിച്ച ഈ നഗരങ്ങളാണ് വഹിക്കുന്നത്.
Also Read: ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ച് ബെന്നി ബഹന്നാൻ എം.പി
അബൂദബിയുടെ പൊതു മൂലധനം 2.3 ലക്ഷം കോടി ഡോളർ
രാജ്യത്തെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്ക് പുറമേ സെന്‍ട്രല്‍ ബാങ്കുകള്‍, പബ്ലിക് പെന്ഷന് ഫണ്ടുകള്‍, റോയല്‍ പ്രൈവറ്റ് ഓഫിസുകള്‍ എന്നിവയും അബൂദബിയുടെ മൂലധനത്തിന് മികച്ച സംഭാവനകള്‍ നല്കി. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 2.3 ലക്ഷം കോടി ഡോളറാണ് അബൂദബിയുടെ പൊതു മൂലധനം. ഇതോടൊപ്പം എണ്ണ, പ്രകൃതിവാതക ഉല്പാദനത്തില് യു.എ.ഇയില്‍ തന്നെ മുന്നില്‍ നില്ക്കുന്നതിനാല് അബൂദബിക്ക് ആഗോളതലത്തില്‍ മികച്ച സാമ്പത്തിക പദവി ആണിക്കല്ല് ഇട്ട് ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്.