CMDRF

സ്‌റ്റൈറോഫോം ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ നിരോധനവുമായി,അബുദാബി

സ്‌റ്റൈറോഫോം ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ നിരോധനവുമായി,അബുദാബി
സ്‌റ്റൈറോഫോം ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ നിരോധനവുമായി,അബുദാബി

അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങി അബുദാബി. ജൂണ്‍ ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സിയും അബുദാബി സാമ്പത്തിക വികസന വകുപ്പും എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. കപ്പുകള്‍, അടപ്പുകള്‍, പ്ലേറ്റുകള്‍, പാനീയ കണ്ടെയ്നറുകള്‍, ഭക്ഷണ പാത്രങ്ങള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും. അതേസമയം, സ്‌റ്റൈറോഫോമുകള്‍ കൊണ്ട് നിര്‍മ്മിച്ച പുനരുപയോഗത്തിനുള്ള കണ്ടെയ്നര്‍ പെട്ടികള്‍, കൂളറുകള്‍, മെഡിക്കല്‍ ആവശ്യത്തിനുള്ള വസ്തുക്കള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സുസ്ഥിരത വര്‍ഷ ലക്ഷ്യങ്ങളുടെ ഭാഗമായി എര്‍പ്പെടുത്തിയ അബുദാബി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയത്തിന്റെ അനുബന്ധമായാണ് പുതിയ തീരുമാനം.

2020 മേയിലാണ് അബുദാബി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയം പ്രഖ്യാപിച്ചത്. 2022 ജൂണ്‍ ഒന്നു മുതലായിരുന്നു നിരോധന തീരുമാനം പ്രാബല്യത്തില്‍ വന്നത്. പുതിയ നയം നടപ്പിലാക്കിയതിലൂടെ ഈ വര്‍ഷം ഏപ്രില്‍ വരെ 31 കോടി ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ഇല്ലാതായത്. അതോടൊപ്പം ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 95 ശതമാനം വരെ കുറക്കാനും കഴിഞ്ഞു. അതായത്, 2.000 ടണ്‍ ഒറ്റത്തവണ പ്ലാസ്റ്റിക് കവറുകളാണ് വിപണിയില്‍ നിന്ന് ഇല്ലാതായത്. 6.7 കോടി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാനും കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നിരോധനം സംബന്ധിച്ച സര്‍ക്കുലര്‍ എമിറേറ്റിലെ 50,000ത്തിലധികം വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്ലാസ്റ്റിക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടുവരുന്ന 80 വ്യവസായ സ്ഥാപനങ്ങള്‍ക്കും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നിരോധനം സംബന്ധിച്ച ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

Top