തൃശൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചേലക്കരയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി മീഡിയ പാനലിസ്റ്റായ വി.ആര്‍. അനൂപ് നൽകിയ പരാതിയിൽ ചേലക്കര പൊലീസാണ് കേസെടുത്തത്. ചേലക്കരയിലെ ബി.ജെ.പി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. നേരത്തെയും സി.പി.ഐ നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മനുഷ്യ ജീവന് ഹാനി വരാൻ സാധ്യതയുള്ള തരത്തിൽ ആംബുലൻസിൽ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.