കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപധ്യയായ്‌ക്കെതിരെ നടപടി. ഗംഗോപധ്യായയ്ക്ക് 24 മണിക്കൂര്‍ സമയത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി. ഹൈക്കോടതി ജഡ്ജിയായി വിരമിച്ചതിന് ശേഷം ബിജെപിയില്‍ ചേര്‍ന്ന ഗംഗോപധ്യായയുടെ നടപടി വിവാദമായിരുന്നു. ബംഗാളിലെ തംലുക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് നിലവിൽ അഭിജിത് ഗംഗോപധ്യായ്.
നടപടി പ്രകാരം പരസ്യമായി തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്ന് കമ്മീഷന്‍ ഗംഗോപാധ്യയയെ വിലക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗംഗോപധ്യായ്ക്ക് മുന്നറിയിപ്പ് നല്‍കി.
മമതക്കെതിരായ പ്രസ്താവന അന്തസിനെ ഹനിക്കുന്നതാണെന്നും ഗംഗോപധ്യായയെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു.
സന്ദേശ്ഖാലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി രേഖാ പത്രയെ 2,000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് തൃണമൂല്‍ പറഞ്ഞതായി ഗംഗോപാധ്യായ് ആരോപിച്ചിരുന്നു. രേഖാ പത്രയെ 2000 രൂപക്ക് വാങ്ങിയതാണെങ്കില്‍ മമത ബാനര്‍ജിയുടെ വില എത്രയാണ്? 10 ലക്ഷമാണോയെന്ന് ചോദിച്ചതാണ് വിവാദമായത്.