CMDRF

ജനവിധി അംഗീകരിക്കുന്നു; അമേത്തിയെ കൈവിടില്ലെന്നും സ്മൃതി ഇറാനി

ജനവിധി അംഗീകരിക്കുന്നു; അമേത്തിയെ കൈവിടില്ലെന്നും സ്മൃതി ഇറാനി
ജനവിധി അംഗീകരിക്കുന്നു; അമേത്തിയെ കൈവിടില്ലെന്നും സ്മൃതി ഇറാനി

ഡൽഹി: അമേത്തി ലോക്സഭാ മണ്ഡലത്തിലെ ജനവിധി അംഗീകരിക്കുന്നതായി കേന്ദ്ര മന്ത്രിയും മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. അമേത്തിയിലെ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരും.

മണ്ഡലത്തിൽ 30 വർഷമായി മുടങ്ങിക്കിടക്കുന്ന ജോലികൾ വെറും അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും സർക്കാറുകളോട് നന്ദിയുണ്ടെന്നും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും സ്മൃതി പറഞ്ഞു.

അമേത്തിയിൽ 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതിയെ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ പരാജയപ്പെടുത്തിയത്. കിഷോരി ലാൽ 5,39,228 വോട്ടുകളാണ് നേടിയത്. രണ്ടാമതുള്ള സ്മൃതി 3,72,032 വോട്ടുകളും. ഭൂരിപക്ഷം 1,67,196 വോട്ടുകൾ.

റായ്ബറേലി, അമേത്തി മണ്ഡലങ്ങളുടെ പ്രചാരണ ചുമതല രാഹുലിന്‍റെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കായിരുന്നു. ‘തുടക്കത്തിൽതന്നെ കിഷോരി ലാൽ ജയിക്കുമെന്നതിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിനും അമേത്തിയിലെ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി’ -പ്രിയങ്ക എക്സിൽ കുറിച്ചു.

Top