ഡൽഹി: ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച അപകടത്തിന് കാരണം അനാസ്ഥയെന്ന് റിപ്പോർട്ട്. ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചത്. ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്.
റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.
ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്സെന്ററിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടമാംവിധം ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്.