ബെംഗളൂരു: ബെംഗളൂരുവിലെ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ പ്രമുഖ കന്നഡ സിനിമാസംവിധായകൻ യോഗരാജ് ഭട്ടിന്റെപേരിൽ പോലീസ് കേസെടുത്തു.
മാനേജർ സുരേഷ് ഉൾപ്പെടെ രണ്ടുപേരെയും കേസിൽ ഉൾപ്പെടുത്തി. യോഗരാജ് ഭട്ട് മൂന്നാംപ്രതിയാണ്. യോഗരാജിന്റെ ‘മനദ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ്(30) മരിച്ചത്.
Also Read: കണ്ടാൽ അവനൊരടാറ്; അടാർ ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
30 അടി ഉയരത്തിൽനിന്ന് വീണായിരുന്നു അപകടം. വ്യാഴാഴ്ച ബെംഗളൂരുവിലെ വി.ആർ.എൽ. അരീനയിലാണ് ചിത്രീകരണം നടന്നത്. മതിയായ സുരക്ഷയേർപ്പെടുത്താതെ സിനിമാചിത്രീകരണം നടത്തിയെന്ന കുറ്റംചുമത്തിയാണ് മാദനായക ഹള്ളി പോലീസ് കേസെടുത്തത്. ബെംഗളൂരുവിൽ സഹോദരനൊപ്പം താമസിക്കുന്ന ശിവരാജ് സിനിമകളിൽ ലൈറ്റ്ബോയിയായി പ്രവർത്തിച്ചുവരുകയായിരുന്നു.