തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് മാത്രം മൂന്ന് വള്ളങ്ങളാണ് മറിഞ്ഞത്. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം നടന്നത്. ഒരു മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ വള്ളവും മറിഞ്ഞു. ഉച്ചയോടെ മറ്റൊരു വള്ളവും മറിയുകയായിരുന്നു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് ആദ്യം മറിഞ്ഞത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റാണ് മരിച്ചത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടത്തില്‍ ഈ വര്‍ഷത്തെ നാലാമത്തെ മരണമാണിത്.