കൊച്ചി: കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
പോക്സോ നിയമം സെക്ഷന്‍ 15(2), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 67 ബി (ബി) എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹര്‍ജിക്കാരന് മേല്‍ ആരോപിക്കപ്പെട്ടത്. ടെലിഗ്രാമില്‍ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചുവെച്ചു എന്നതായിരുന്നു ഹര്‍ജിക്കാരനെതിരെയുള്ള ആരോപണം.
അന്വേഷണത്തില്‍ ഇത്തരം വീഡിയോകളും ചിത്രങ്ങളും ഹര്‍ജിക്കാരന്റെ കൈവശമുണ്ടെങ്കിലും മനപ്പൂര്‍വം ഡൗണ്‍ലോഡ് ചെയ്യുകയോ ബ്രൗസ് ചെയ്യുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പങ്കുവെച്ചതായോ പ്രചരിപ്പിച്ചതായോ തെളിവുകളില്ലെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ സ്വന്തമായി സൂക്ഷിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അല്ലെങ്കില്‍, പ്രദര്‍ശിപ്പിക്കാനോ വിതരണം ചെയ്യാനോ ഉദ്ദേശമുണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ആവശ്യമാണ്. അത്തരത്തില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.