CMDRF

ബോക്സ് ഓഫീസിൽ തങ്കലാന് നേട്ടമുണ്ടാക്കാനായില്ലെന്ന് റിപ്പോർട്ടുകൾ

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ കഥ പറഞ്ഞത്

ബോക്സ് ഓഫീസിൽ തങ്കലാന് നേട്ടമുണ്ടാക്കാനായില്ലെന്ന് റിപ്പോർട്ടുകൾ
ബോക്സ് ഓഫീസിൽ തങ്കലാന് നേട്ടമുണ്ടാക്കാനായില്ലെന്ന് റിപ്പോർട്ടുകൾ

മിഴ് സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമായിരുന്നു പാ രഞ്ജിത്ത് സംവിധാനം ചെയ്ത് വിക്രം നായകനായി എത്തിയ ‘തങ്കലാൻ’. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തി സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ആഗോള തലത്തിൽ നിന്ന് 72 കോടി മാത്രമാണ് നേടാനായതെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

37 കോടിയാണ് ‘തങ്കലാൻ’ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഇത് ചിത്രത്തിന് ഒപ്പമിറങ്ങിയ ‘ഡിമോണ്ടെ കോളനി 2’ വിനേക്കാൾ കുറവാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തെലുങ്ക് വേർഷന് താരതമ്യേന കൂടുതൽ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 11.75 കോടിയാണ് ചിത്രം തെലുങ്ക് വേർഷനിൽ നിന്ന് നേടിയത്. കേരളത്തിലും തങ്കലാന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 3 കോടി മാത്രമാണ് ചിത്രത്തിന് ഇവിടെ നിന്ന് നേടാനായത്. ഗോകുലം മൂവീസ് ആയിരുന്നു കേരളത്തിൽ ‘തങ്കലാൻ’ പ്രദർശനത്തിന് എത്തിച്ചത്.

Also Read:ഹിന്ദി ചിത്രം ‘സന്തോഷ്’ ബ്രിട്ടന്റെ ഓസ്‌കർ എൻട്രി

നോർത്ത് മാർക്കറ്റിലും സ്ഥിതി മറിച്ചല്ല. തമിഴിൽ റിലീസ് ചെയ്ത് ഏകദേശം 20 ദിവസത്തിന് ശേഷമാണ് ചിത്രം ഹിന്ദിയിൽ റിലീസ് ചെയ്തത്. 1.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് അവിടെ നിന്ന് നേടാനായത്. ഓവർസീസ് മാർക്കറ്റിലും കുതിപ്പുണ്ടാകാൻ തങ്കലാന് സാധിച്ചിരുന്നില്ല. 15.25 കോടി നേടി ചിത്രം പ്രദർശനം അവസാനിപ്പിച്ചു. ചിത്രത്തിലെ വിക്രമിന്റെയും പാർവതിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.

നാഷണൽ അവാർഡിന് അർഹമായ പ്രകടനമാണ് വിക്രം കാഴ്ചവച്ചിരിക്കുന്നതെന്നായിരുന്നു പുറത്തുവന്ന അഭിപ്രായങ്ങൾ. ചിത്രം 100 കോടി കടന്നെന്ന വാർത്ത നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ കഥ പറഞ്ഞത്.

Also Read: ദുൽഖർ സൽമാനൊപ്പം നടക്കാതെ പോയ ചിത്രത്തെക്കുറിച്ച് ദിൻജിത് അയ്യത്താൻ

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമിച്ചത്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.

Top