ഭുവനേശ്വര്‍: ഭക്ഷണം വൈകിയതിന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയ്ക്കെതിരെയുള്ള കേസ് ശരിവെച്ച് ഒറീസ ഹൈക്കോടതി. പ്രകോപിതനായത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും, ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭക്ഷണത്തിന് കാത്തിരിക്കാൻ പറഞ്ഞത് പ്രകോപനമല്ലെന്നാണ് കോടതി പറയുന്നത്.
Also Read: ബൈക്കിന് സൈഡ് നൽകിയില്ല; ട്രാക്ടർ ഡ്രൈവറായ 25കാരന് ദാരുണാന്ത്യം
ജസ്റ്റിസുമാരായ എസ് കെ സാഹു, ചിത്തരഞ്ജന്‍ ദാഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജോലി കഴിഞ്ഞെത്തിയ പ്രതി ഭക്ഷണത്തിനായി ആവശ്യപ്പെട്ടപ്പോൾ ഭാര്യ കാത്തിരിക്കാൻ പറയുകയായിരുന്നു. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകളിൽ പ്രലോപനമില്ലെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി പറഞ്ഞു.
ക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്തിലും മുഖത്തും ചെവിയിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. കൊലപാതക കുറ്റത്തിന് വിചാരണക്കോടതി ഇയാളെ ശിക്ഷിക്കുകയും , ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്.