CMDRF

നൂറിലധികം അഴിമതി കേസുകളിലെ പ്രതി; ഷെയ്ഖ് ഹസീനയെ വെട്ടിയ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?

നൂറിലധികം അഴിമതി കേസുകളിലെ പ്രതി; ഷെയ്ഖ് ഹസീനയെ വെട്ടിയ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?
നൂറിലധികം അഴിമതി കേസുകളിലെ പ്രതി; ഷെയ്ഖ് ഹസീനയെ വെട്ടിയ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?

നിക്ക് ചുറ്റുമുള്ള മനുഷ്യര്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ താന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ഗംഭീരമായ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമെന്ന് ചിന്തിച്ച മനുഷ്യന്‍, മുഹമ്മദ് യൂനുസ്. പട്ടിണി കിടക്കുന്ന ആളുകള്‍ക്ക് മുന്നില്‍ സിദ്ധാന്തങ്ങളല്ല പകരം തന്നെക്കൊണ്ട് അവര്‍ക്കെന്ത് പ്രയോജനം എന്ന് ചിന്തിച്ചു തുടങ്ങിയിടത്തുനിന്നാണ് സമാധാന നൊബേല്‍ ജേതാവും ഗ്രാമീണ് ബാങ്കിന്റെ സ്ഥാപകനുമായ മുഹമ്മദ് യൂനുസ് എന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഉദയം.

ബംഗ്ലാദേശില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ഉന്നമനത്തിനായി ദര്‍ശനങ്ങളെ പ്രായോഗികതലത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞ നേതാവാണെന്ന് മുഹമ്മദ് യൂനുസ് സ്വയം തെളിയിച്ചു. ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ ഭരണവാഴ്ചയുടെ ഇരയായവരില്‍ പ്രധാനിയാണ് മുഹമ്മദ് യൂനുസ്. കടുത്ത വിമര്‍ശകനില്‍ നിന്ന് ഷെയ്ഖ് ഹസീനയുടെ പകരക്കാരനായി മാറിയ മുഹമ്മദ് യൂനുസിന്റെ രാഷ്ട്രീയ നായകത്വത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോകം.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായ മുഹമ്മദ് യൂനുസിനെ ഗ്രാമീണ ടെലികോം തൊഴിലാളികളുടെ ലാഭ പങ്കാളിത്ത ഫണ്ടില്‍ നിന്ന് 25.22 കോടി രൂപ ദുരുപയോഗം ചെയ്തെന്ന അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നു. ഗ്രാമീണ ടെലികോം വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ദുരുപയോഗം ചെയ്‌തെന്നതായിരുന്നു അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിരുന്ന കുറ്റം.

തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ യൂനുസിനെ കുറ്റവിമുക്തനാക്കി നാല് ദിവസത്തിന് ശേഷമാണ് പുതിയ വിധി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസ് പിന്‍വലിക്കണമെന്ന അഴിമതി വിരുദ്ധ കമ്മീഷന്റെ അപേക്ഷ സ്വീകരിച്ച് ധാക്കയിലെ സ്‌പെഷ്യല്‍ ജസ്റ്റിസ് കോര്‍ട്ട് 4 ലെ ജഡ്ജി എം.ഡി റബീഉള്‍ ആലം കേസ് പിന്‍വലിക്കുകയായിരുന്നു. തൊഴില്‍ നിയമ ലംഘനം ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ യൂനുസിന്റെ ആറ് മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് ഏഴിന് ലേബര്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.

സുഹൃത്തില്‍ നിന്ന് ശത്രുവിലേക്ക്

മുഹമ്മദ് യൂനുസിന്റെ പേരില്‍ 100-ലധികം ക്രിമിനല്‍ കേസുകളാണ് ഉണ്ടായിരുന്നത്. പക്ഷേ, കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും ഒരു കേസില്‍ മാത്രമായിരുന്നു. ഹസീന രാജ്യം വിട്ടതിനോട് ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നു പ്രതികരിച്ച അദ്ദേഹത്തിനും കൂടിയാണ് അക്ഷരാര്‍ത്ഥത്തില്‍ മോചനം ലഭിച്ചത്. അത്രകണ്ട് ഹസീന സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബിന്റെ അനുയായി ആയിരുന്ന മുഹമ്മദ് യൂനുസ് പില്‍ക്കാലത്ത് ഹസീനയുമായും നല്ലൊരു ബന്ധം പുലര്‍ത്തിയിരുന്നു. 1997 ഫെബ്രുവരി 2 മുതല്‍ 4 വരെ നടന്ന ഒരു മൈക്രോക്രെഡിറ്റ് ഉച്ചകോടിയുടെ കോ-ചെയര്‍ ആയി യുഎസ് പ്രഥമ വനിത ഹിലരി ക്ലിന്റനൊപ്പം യൂനുസ് ഹസീനയെ നിയമിച്ചു. 137 രാജ്യങ്ങളില്‍ നിന്നുള്ള 50 രാഷ്ട്രത്തലവന്മാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയില്‍ മുഹമ്മദ് യൂനുസിനെയും ഗ്രാമീണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും വാതോരാതെ പുകഴ്ത്തിയ അതെ ഹസീന തന്നെയാണ് പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുന്നയാള്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കാനുള്ള മോഹത്തോടെയാണ് ഷെയ്ഖ് ഹസീനയുടെ കണ്ണിലെ കരടായി മുഹമ്മദ് യൂനുസ് മാറുന്നത്. രാഷ്ട്രീയ സൗഹാര്‍ദം, ശരിയായ നേതൃത്വം, സദ്ഭരണം എന്നിവയ്ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള പദ്ധതിയുമെല്ലാം ഹസീനയെയും അവാമി ലീഗിനെയും ചൊടിപ്പിച്ചു. ഗ്രാമീണ് ബാങ്ക് സ്ഥാപിച്ചതിനും മൈക്രോക്രെഡിറ്റ്, മൈക്രോഫിനാന്‍സ് എന്നീ ആശയങ്ങള്‍ക്ക് തുടക്കമിട്ടതിനും യൂനുസിന് 2006 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതോടെ 1997 ലെ ചിറ്റഗോംഗ് ഹില്‍ ട്രാക്ട്‌സ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കാത്തിരുന്ന ഹസീനയ്ക്ക് യൂനുസിനെ ഒതുക്കിയെ മതിയാവൂ എന്ന സ്ഥിതിയായി.

രാഷ്ട്രീയമോഹം

ഗ്രാമീണ്‍ ബാങ്കിന്റെ ഒരു സഹോദര സ്ഥാപനത്തിന് 100 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന് ആരോപിച്ച് 2010 ഡിസംബറിലാണ് യൂനുസിനെതിരെയുള്ള ആദ്യ വിചാരണ നടന്നത്. എന്നാല്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി. മൂന്ന് ക്രിമിനല്‍ കേസുകളില്‍ യൂനുസ് നിയമനടപടികള്‍ക്ക് വിധേയനായി. ഗ്രാമീണ്‍-ഡാനോണ്‍ നിര്‍മ്മിച്ച തൈരില്‍ മായം കലര്‍ത്തിയെന്ന കേസും 2007-ല്‍ രാഷ്ട്രീയക്കാരെ വിമര്‍ശിച്ചതിന് ഒരു ക്രിമിനല്‍ മാനനഷ്ടക്കേസും അദ്ദേഹത്തിനെതിരെ ചുമത്തി. 2011 മാര്‍ച്ച് 3-ന് ആയിരുന്നു അവസാനത്തെ പ്രഹരം. പ്രായാധിക്യം ചൂണ്ടിക്കാട്ടി യൂനുസിനെ ഗ്രാമീണിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് പുറത്താക്കി.

വിരമിക്കല്‍ സംബന്ധിച്ച് രാജ്യത്ത് നിലനിന്ന നിയമങ്ങള്‍ അദ്ദേഹം ലംഘിച്ചുവെന്നായിരുന്നു ആരോപണം. പിരിച്ചുവിടല്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഷെയ്ഖ് ഹസീനയുടെ ആസൂത്രിത നീക്കമാണെന്നും യൂനുസ് വാദിച്ചു. 2011 മാര്‍ച്ചില്‍, ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ നിയമസാധുത ചോദ്യംചെയ്ത് യൂനുസ് ബംഗ്ലാദേശ് ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി.

അതോടെ യൂനുസ്, സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഗ്രാമീണ്‍ ധാക്കയിലെ ആസ്ഥാനത്തേക്ക് മടങ്ങുകയും തീരുമാനത്തിനെതിരെ ധാക്ക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. എന്നാല്‍, 1999 മുതല്‍ ഗ്രാമീണ്‍ എംഡിയായി യൂനുസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് മുഹമ്മദ് മൊംതാസുദ്ദീന്‍ അഹമ്മദും ജസ്റ്റിസ് ഗോബിന്ദ ചന്ദ്ര ടാഗോറും യൂനുസിനെതിരെ വിധി പ്രസ്താവിച്ചു. പിന്നാലെ അദ്ദേഹത്തെ നീക്കം ചെയ്ത നടപടി കോടതി ശരിവച്ചു. ഒരുതരത്തില്‍ ഹസീനയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ബാക്കിപത്രമായിരുന്നു ഈ നടപടികളെല്ലാം. ബാങ്കിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ന്നും പല നടപടികളും ഷെയ്ഖ് ഹസീനയുടെ ഭാഗത്ത് നിന്നും ഉണ്ടായി. യൂനുസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഹസീന അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരില്‍ നിന്ന് അനുമതിയില്ലാതെയാണ് യൂനുസ് തന്റെ വരുമാനം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമായാണ് ആളുകള്‍ ഈ നീക്കത്തെ കണ്ടത്.

വര്‍ഷങ്ങളായി തുടര്‍ന്ന സ്വേച്ഛാധിപത്യ ഭരണത്തില്‍ അസ്വസ്ഥമായ ബംഗ്ലാദേശില്‍ സ്ഥിരത കൊണ്ടുവരുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക, ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഇടയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസക്കുറവ് പരിഹരിക്കുക എന്നിവയാണ് എന്നതാണ് ‘പാവപ്പെട്ടവരുടെ ബാങ്കര്‍’ എന്ന മുഹമ്മദ് യൂനുസിന്റെ ആദ്യ വെല്ലുവിളി. അതില്‍ ബംഗ്ലാദേശിലെ പോലീസ്, ജുഡീഷ്യറി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയോടുള്ള അഗാധമായ അവിശ്വാസവും ഉള്‍പ്പെടുന്നുണ്ട്. ഇടക്കാല ഗവണ്‍മെന്റ് മുന്നോട്ട് പോകുമ്പോള്‍, ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ പരിഷ്‌ക്കരിക്കുന്നത് ഒരു പ്രധാന ദൗത്യമായിരിക്കും അവിടെ യൂനുസിന്റെ സാമ്പത്തിക പശ്ചാത്തലം ഒരു പങ്ക് വഹിക്കുകയും ചെയ്യും. അഴിമതിയെ ചെറുക്കുന്നതിനും രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിനും ഈ പരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

Top