25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍

25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍

കൊച്ചി: നൂറിലേറെപ്പേരില്‍ നിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ‘നാം ഇന്‍ഡക്‌സ് ഡെറിവേറ്റിവ്സ്’ എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രഫഷണല്‍ ട്രേഡ് ഷെയറിങ് കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ കബളിപ്പിച്ചത്. ഡോക്ടര്‍മാര്‍, വ്യവസായികള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.

ഗള്‍ഫില്‍ ഉന്നത നിലയില്‍ ജോലിചെയ്തിരുന്ന ആളുകളില്‍ നിന്നാണ് ഇത്തരത്തില്‍ ഭീമമായ തുക സംഭരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മേഖലാ എസ്പി എ ജി ലാല്‍, ഡിവൈഎസ്പി റോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം സുനീഷിനെ കാക്കാനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

ലണ്ടനില്‍ ബാങ്കുദ്യോഗസ്ഥനായിരുന്നെന്നും, അതുവഴി ഡെറിവേറ്റിവ് ട്രേഡിങില്‍ വിദഗ്ധനാണെന്നും പറഞ്ഞ് സുനീഷ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ഷെയര്‍ മാര്‍ക്കറ്റ് വിദഗ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ നിക്ഷേപത്തുകയുടെ 25 മുതല്‍ 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തു. ആദ്യഘട്ടങ്ങളില്‍ രണ്ടോ മൂന്നോ പേരില്‍ നിന്നും ചെറിയ തുകകള്‍ നിക്ഷേപമായി സ്വീകരിച്ചു. അതില്‍നിന്ന് തന്നെ ലാഭവിഹിതം എന്ന പേരില്‍ പണം അയച്ചുകൊടുക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം ആദ്യനിക്ഷേപകരുടെ സുഹൃത്തുക്കളെ പ്രതി വലയിലാക്കുകയും ചെയ്തു.

Top