ബംഗളൂരു: ബംഗളൂരുവിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി മുക്തി രഞ്ജൻ റായി ആത്മഹത്യ ചെയ്തനിലയിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ ബംഗളൂരുവിലെ യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത് താനാണെന്ന് റായി സമ്മതിച്ചിട്ടുണ്ട്.
Also Read: ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്
റായിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒഡീഷ പൊലീസിന് അറിയുമായിരുന്നില്ല. പിന്നീട് ബംഗളൂരു പൊലീസ് റായിയുടെ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണ് ആത്മഹത്യ ചെയ്തതെന്ന് മനസിലായത്.
കഴിഞ്ഞ രണ്ട് ദിവസമായി റായിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബംഗളൂരു പൊലീസ്. ഇതിന്റെ ഭാഗമായി റായിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സെപ്തംബർ 21നാണ് ഫ്രിഡ്ജിനുള്ളിൽ 59 കഷ്ണങ്ങളാക്കിയ നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്.