മനാമ: കുടുംബ വഴക്കിനെത്തുടര്‍ന്ന് വീട്ടമ്മക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ 28 കാരനായ യുവാവ് അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീ മനാമയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഭവമുണ്ടായത്.
സംഭവസമയത്ത്, ഒമ്പതും 11ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കാര്‍പാര്‍ക്കില്‍വെച്ച് മുഖംമൂടി ധരിച്ച ഒരാള്‍ ആസിഡ് എറിയുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ സ്ത്രീയെ ഉടന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു.