CMDRF

നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി, കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്

നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി, കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്
നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി, കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.

നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണു പാർട്ടി സ്വീകരിച്ചത്.

Also Read: കേരളത്തിൽ ഒരാഴ്ച കൂടി മഴ; ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സമഗ്രമായ അന്വേഷണം നടത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

പാർട്ടി തീരുമാനം അംഗീകരിച്ചും നവീൻബാബുവിന്റെ വേർപാടിൽ അനുശോചിച്ചും ദിവ്യ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ‘‘കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കുചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’’– ദിവ്യ പറഞ്ഞു.

പി പി ദിവ്യയുടെ രാജികത്ത്‌

Top