CMDRF

അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാരുടെ പേരുകൾ പുറത്ത് വിട്ട് നടപടി എടുക്കണം; ശ്രിയ രമേഷ്

അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാരുടെ പേരുകൾ പുറത്ത് വിട്ട് നടപടി എടുക്കണം; ശ്രിയ രമേഷ്
അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാരുടെ പേരുകൾ പുറത്ത് വിട്ട് നടപടി എടുക്കണം; ശ്രിയ രമേഷ്

അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിട്ട് നടപടി എടുക്കണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ശ്രിയ രമേഷ്. അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തിൽ സാമൂഹിക മാധ്യമത്തിൽ മോശക്കാരാക്കാൻ അനുവദിക്കരുതെന്ന് ശ്രിയ ഫേസ്ബുക്കിൽ കുറിച്ചു. മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്‌പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത്.

സത്യത്തിൽ ഇവർ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കൺസേൺ ആയിരുന്നോ? ആണെങ്കിൽ അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിടണം. നടപടി എടുക്കണം. അതല്ലാതെ കണ്ട ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃതകഥകളും പടച്ചുവിടുവാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്. അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തിൽ സമൂഹ മധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാൻ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്.

ഇന്നിപ്പോൾ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേർത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്‌സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികൾ ഇറങ്ങിയിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടർ. ഈ അഭ്യൂഹം പരത്തുന്ന കൂട്ടർ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയിൽ മാന്യമായി തൊഴിൽ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികൾക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുൾപ്പെടെ ഉള്ളവർ ചിന്തിക്കണം.
അതിവേഗം വളരുന്ന മലയാളം പോൺ ഇന്റസ്ട്രി മലയാളിൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ ഞരമ്പ് രോഗികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരം ആൾക്കാർക്കായി

പടച്ചു വിടുന്ന അഭ്യൂഹ കഥകൾ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ സിനിമ പ്രവർത്തകരോടും അവരുടെ സിനിമകളോടും വിമുഖത കാണിക്കില്ലേ? സ്വാഭാവികമായും അത് സിനിമാ ഇന്റസ്ട്രിയെ തളർത്തും. ആയിരക്കണക്കിന് പേരാണ് സിനിമ ഇന്റസ്ട്രിയിൽ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്‌നക്കാരായിട്ട് ഉണ്ടെങ്കിൽ ആ പേരിൽ ഇന്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ശ്രിയ കൂട്ടിച്ചേർത്തു. റിപ്പോർട്ട് വന്ന ശേഷം പരക്കുന്ന അഭ്യൂഹങ്ങളുടെ ചുവട് പിടിച്ച് പലരും നേരിട്ടും ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും കമ്മീഷൻ വെളിപ്പെടുത്താത്ത പേരുകൾ ആരെല്ലാമാണ്, നിങ്ങൾക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു. മറ്റുള്ളവരോടും ചോദിക്കുന്നുണ്ടാവാം.

കഴിഞ്ഞ 12 വർഷമായി മലയാള സിനിമയിലെ ലജന്റ്‌സിന്റെ സിനിമകളിൽ ഉൾപ്പെടെ ഞാൻ പ്രവർത്തിക്കുന്നു. അവരിൽ ഒരാളും മോശമായി പെരുമാറിയിട്ടില്ല. സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതിൽ നിന്നും പുറത്തായി വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവർക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നരാണ് അതിന്റെ പേരിൽ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവർ ചങ്കുറ്റത്തോടെ ആ പേരുകൾ വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങൾക്ക് അവസരം ഉണ്ടാക്കരുത്. സിനിമയിൽ അഭിനയിക്കുവാൻ കിടപ്പറയിൽ സഹകരിക്കണം, ആണുങ്ങൾ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്. എങ്ങനേലും സിനിമയിൽ അഭിനയിക്കണം എന്ന് കരുതി നടക്കുന്നവർ എന്തെങ്കിലും കുഴപ്പത്തിൽ ചാടുന്നുണ്ടാകാം. അത്തരക്കാരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവർ എന്തിന് ചീത്ത പേര് കേൾക്കണം?

നമ്മൾ നമ്മളായി നിന്നാൽ ഒരാളും പ്രശ്‌നത്തിന് വരില്ല വന്നാൽ അന്നേരം പ്രതികരിയ്ക്കണം അതല്ലേൽ അത്തരം ആളുകളിൽ നിന്നും മാറിപ്പോകണം. പ്രൊഡക്ഷൻ രംഗത്ത് ഉള്ളവരെ വളഞ്ഞിട്ട് കുറ്റപ്പെടുത്തുന്നുണ്ട്. വളരെ മാന്യമായി പ്രവർത്തിക്കുന്ന എത്രയോ പേരുണ്ട്. അഭിനേതാക്കൾ തങ്ങളുടെ സീൻ കഴിഞ്ഞാൽ പോകും എന്നാൽ ഒരു സിനിമ എന്നത് യാഥാർത്ഥ്യമാകുവാൻ അഹോരാത്രം ജോലി ചെയ്യുന്നവർ. ഇത്തരം അഭ്യൂഹങ്ങളും അതുവച്ചുള്ള മസാല വാർത്തകളും മൂലം അവരുടെ കുടുംബത്തിനും കുട്ടികൾക്കും സമൂഹത്തിനും മുമ്പിൽ അപമാനിതരാകുന്നവരുടെ വേദന തിരിച്ചറിയണം. ആർക്കെങ്കിലും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ / ഇരകൾ ആക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സഹായിക്കുവാനും സംരക്ഷിക്കുവാനും നടപടി എടുക്കണം. പക്ഷെ മൊത്തം ആളുകളെയും ചെളിവാരി എറിയുവാൻ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകൾക്ക് സംതൃപ്തിയേകുന്ന വാർത്തകൾക്ക് അവസരം നൽകരുതായിരുന്നു. സിനിമാ ഇന്റസ്ട്രിയിൽ വളരെ മാന്യമായി ജീവിയ്ക്കുന്നവർക്ക് നേരെ സൈബർ ഇടത്തിൽ അപഖ്യാതി പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ അഭ്യർത്ഥിക്കുന്നു എന്നും ശ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

Top