കോട്ടയം: മലയാള സിനിമലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് സർക്കാർ എത്രയും വേഗം ഉചിതമായ നടപടി എടുക്കണമെന്ന് സംവിധായിക ബീന പോൾ പറഞ്ഞു. റിപ്പോർട്ടിൽ മേൽ നടപടികൾ ഉറപ്പാക്കുന്നത് വരെ ഡബ്യുസിസി പോരാട്ടം തുടരുമെന്നും ബീനാ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ വ്യാപ്തി മലയാളത്തില്‍ മാത്രം ഒതുങ്ങില്ലെന്നും ബീനപോള്‍ പറഞ്ഞു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോർട്ട് കൈയ്യിൽ കിട്ടിയാൽ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വിവരാവകാശ കമ്മീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണ്ട എന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ല.
ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നാല് വർഷം മുമ്പ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനിലേക്ക് മാറ്റി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ തുടർ നടപടികൾ ഒന്നും സർക്കാർ ഉദ്ദേശിക്കുന്നില്ല എങ്കിലും സിനിമ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കാണ് റിപ്പോർട്ട് തുടക്കം ഇട്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ നീതി നിഷേധങ്ങൾ തടയാൻ സ്വതന്ത സംവിധാനം വേണം എന്നതടക്കം നിർദേശങ്ങൾ അവഗണിക്കാൻ സർക്കാരിന് കഴിഞ്ഞേക്കില്ല.