നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്.

നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു
നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: നടന്‍ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

1944ൽ നെല്ലായിയിൽ ജനിച്ച ഡൽഹി ഗണേഷ് 1976ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിലെ അംഗമായിരുന്നു ഡൽഹി ഗണേഷ്. സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979 ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.

തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി,പ്രിയമാനവളേ, അയന്‍, തമിഴൻ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കാലാപാനി, കൊച്ചി രാജാവ്, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.

Top