തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ പരാമർശങ്ങളിൽ തിരുത്തുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് അറിയാം. സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് ഉള്ളിലുണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. രഞ്ജിത്തിനെ ഏറെ ബഹുമാനത്തോടെയാണ് നോക്കികണ്ടിരുന്നതെന്നും ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ലെന്ന് ഓർത്ത് ദു:ഖമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.
Also read: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും
നടൻ ഇന്ദ്രൻസിന്റെ വാക്കുകൾ:
‘ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല. എന്ത് പ്രശ്നം വന്നാലും അവസാനം ചെന്ന് സഹായം ചോദിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ലേ നീതിപീഠം. ഇരകളായവർക്ക് നീതി ലഭിക്കണം. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് അറിയാം. രഞ്ജിത്തിനെ ഒക്കെ അത്ര ബഹുമാനത്തോടെ കണ്ട വ്യക്തിയാണ്. ബാക്കിയുള്ള അവരുടെ കാര്യങ്ങൾ അറിയില്ല. ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ല എന്നതോർത്ത് ദു:ഖമുണ്ട്. റിപ്പോർട്ടിനെ കുറിച്ച് തുറന്നുപറയാൻ ഭയമില്ല. പക്ഷേ സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് എൻ്റെയുള്ളിൽ തന്നെയുണ്ട്. കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണെന്നല്ലേ പറഞ്ഞത്. സത്യാവസ്ഥ അറിയില്ലല്ലോ. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിഷയത്തിൽ ഒരു ജഡ്ജ്മെന്റിൽ എത്തുക. അന്വേഷിക്കേണ്ട സംവിധാനം ഉള്ളപ്പോൾ അത് ഭംഗിയായി ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടർന്നും അങ്ങനെയൊന്നും ഉണ്ടാകാതിരിക്കട്ടെ,’ അദ്ദേഹം പറഞ്ഞു. എരിവും പുളിയും എന്ന പരാമർശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞത്. ഇങ്ങനെ വാർത്തകൾ വരുമ്പോഴാണല്ലോ എല്ലാവരും ഒത്തുകൂടുന്നത്. എല്ലാവർക്കും ഒരു ഉണർവാകട്ടെ എന്ന് കരുതി പറഞ്ഞതാണ്. മറ്റ് അർത്ഥങ്ങളൊന്നുമില്ലെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.