CMDRF

നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളില്‍ നിറഞ്ഞ മധു എന്ന നാടകനടനെ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു

നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍
നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍

കാലത്തെ അപ്രസക്തമാക്കിയ കലാകാരന്‍, മലയാള സിനിമയുടെ തലമൂത്തപ്പന്‍ നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. ആറു പതിറ്റാണ്ടായി മധു എന്ന ചലചിത്രകാരന്‍ മലയാളികളുടെ മനസിലുണ്ട്. ബിഗ് സ്‌ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്‌നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്‌ക്രീനില്‍ മധു നിറഞ്ഞുനിന്നു.

1970 ലെ പ്രിയ മുതല്‍ 1986 ലെ ‘ഉദയം പടിഞ്ഞാറ് വരെ’ തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നടനായും സംവിധാനം ചെയ്തും നിര്‍മാതാവായും ഇത്രയും കാലം നിലനിന്ന ഒരാളുണ്ടോ? ഇടവേളയില്ലാതെ ആറ് പതിറ്റാണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച കവിയൂര്‍ പൊന്നമ്മ കഴിഞ്ഞാല്‍ മലയാള ചലചിത്ര രംഗത്തെ ഇപ്പോഴും സജീവമായ ഏറ്റവും മുതിര്‍ന്ന ചലച്ചിത്രകാരനും അദ്ദേഹം തന്നെ. പഴയ സിനിമ കൊട്ടക കാലം മുതല്‍ ഒ. ടി.ടി. സിനിമ വരെ നേരിട്ട് അനുഭവിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വ്വ ചലചിത്രതാരം.

Madhu and Kaviyoor Ponnamma

താരപരിവേഷത്തില്‍ മിന്നിത്തിളങ്ങുമ്പോള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്താണ് മധു മലയാള സിനിമയെ ഞെട്ടിച്ചത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപന ജോലിയുടെ ചുമതലകളില്‍ നിന്ന് മധുവിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്. തുടര്‍ന്ന് അമിതാഭ് ബച്ചനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറ്റം.

നസീറും സത്യനും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ കാലത്ത് മലയാളത്തില്‍ രംഗപ്രവേശം. എം.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, സ്വയംവരത്തിലെ വിശ്വം തുടങ്ങിയവ മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളില്‍ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികള്‍, ഒറ്റയടിപ്പാതകള്‍, നാടുവാഴികള്‍,സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.

Madhu With Sheela in Chemmeen

അച്ചടി മാധ്യമത്തിലൂടെയും ടെലിവിഷനിലൂടേയും, ഇന്റര്‍നെറ്റിലൂടെയും ടാക്കീസിലൂടേയും തിയേറ്ററിലൂടേയും, മള്‍ട്ടിപ്ലക്സ് തിയറ്ററിലൂടേയും ഇപ്പോള്‍ ഒ.ടി.ടി.യിലൂടെയും മലയാള സിനിമയുടെ വേഷ പകര്‍ച്ച കണ്ട മലയാളത്തിലെ എക നടനാണ് മധു. ഇപ്പോഴും ഈ 91ാം വയസിലും സജീവമായ അഭിനയ ജീവിതം.

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളില്‍ നിറഞ്ഞ മധു എന്ന നാടകനടനെ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു. അംഗീകാരങ്ങളുടെ പൊന്നാടകള്‍ക്കൊണ്ട് എത്ര മൂടിയാലും അതിന്റെ ധവളിമയില്‍ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിന്റെ മധുസാര്‍. അതുതന്നെയാണ് മറ്റുള്ളവരില്‍നിന്ന് മധുവിനെ വ്യത്യസ്തനാക്കുന്നതും.

Top