കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം നല്കി കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതില്‍ നടന് നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് നിവിന്‍ പോളിയുടെ തീരുമാനം. എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നും നിവിന്‍ തീരുമാനിച്ചു.
കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്. ഇതേ തുടര്‍ന്ന് നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം, യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നായിരുന്നു നിവിന്‍ പറഞ്ഞത്.