ഹൈദരാബാദ്: നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വില മതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തതായി തെലങ്കാന പൊലീസ് പറഞ്ഞു.
നര്‍സിംഗിയിലെ ഒരു ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവ പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. കൊക്കെയ്ന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് നൈജീരിയക്കാരുള്‍പ്പെടെ അഞ്ച് മയക്കുമരുന്ന് വില്‍പ്പനക്കാരെ തെലങ്കാന ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും സൈബരാബാദ് പൊലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും രാജേന്ദ്രനഗര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗിച്ചവരില്‍ ഒരാളാണ് അമന്‍ എന്ന് പൊലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. 13 ഉപഭോക്താക്കളില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പേരുടെയും ഫലം പോസിറ്റീവ് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാകുല്‍ പ്രീത് സിങ്ങിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. 2022ലും 2021ലും ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയും അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയിരുന്നു.