കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നടൻ ഷമ്മി തിലകൻ. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും മേല്‍ക്കോയ്മ ചോദ്യം ചെയ്തതിലും പിന്നാലെ 2010 ല്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ വിനയന്‍ പങ്കുവെച്ച കുറിപ്പിലും തിലകന്‍റെ പേര് പരാമർശിച്ചിരുന്നു.
2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബര്‍ 16 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഡിസംബര്‍ 31 നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്.