കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യ അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
രണ്ടാം തീയതിയാണ് അന്വേഷസംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ചത്. കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് മെയിലിൽ പറയുന്നത്.
Also Read: എംടിയുടെ വീട്ടിൽ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു
2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി.