ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനായിരുന്നു പള്‍സര്‍ സുനിക്ക് ഹൈക്കോടതി പിഴയിട്ടത്. 25,000 രൂപയായിരുന്നു പിഴ. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്.
തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.
ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടികാട്ടി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി നടപടി. ജാമ്യാപേക്ഷ സെപ്തംബറില്‍ പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്.