തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് ചാർമിളയുടെ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.
ആരോപണങ്ങൾ ഇപ്രകാരം:
ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിളയുടെ ആരോപണം. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി.
Also read: സംവിധായകനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി
മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.