സഹപ്രവർത്തകനിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി മനീഷ

അന്ന് താൻ പ്രതികരിച്ച് സംഭവത്തിൽ തീർപ്പ് ഉണ്ടാക്കിയെന്നും പ്രതികരിക്കാനുള്ള ശേഷി എല്ലാ സ്ത്രീകൾക്കും ഉണ്ടാകണമെന്നും മനീഷ പറയുന്നു

സഹപ്രവർത്തകനിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി മനീഷ
സഹപ്രവർത്തകനിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി മനീഷ

ലയാളികൾക്ക് സുപരിചിതയായ ആളാണ് ഗായികയും നടിയുമായ മനീഷ കെ എസ്. തനിക്കും സഹപ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മനീഷ ഇപ്പോൾ. അന്ന് താൻ പ്രതികരിച്ച് സംഭവത്തിൽ തീർപ്പ് ഉണ്ടാക്കിയെന്നും പ്രതികരിക്കാനുള്ള ശേഷി എല്ലാ സ്ത്രീകൾക്കും ഉണ്ടാകണമെന്നും മനീഷ പറയുന്നു. ശരിക്കുള്ള ഇരകൾക്ക് നീതി ലഭിക്കണമെന്നും മനീഷ ആവശ്യപ്പെടുന്നു.

മനീഷയുടെ വാക്കുകൾ ചുവടെ:

ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ് എന്നുള്ളത് അഭിനന്ദനാർഹമാണ്. അതോടൊപ്പം തന്നെ യഥാർത്ഥ ഇരകൾക്ക് നീതി കിട്ടണം. ശരിക്കുള്ള ക്രിമിനലുകൾക്ക് ശിക്ഷയും കിട്ടണം. ഇതിന്റെ ഇടയിൽ പലതും അമർന്ന് പോകുകയും പലതും അനാവശ്യമായി പുറത്തുവരികയും ചെയ്യുന്നുണ്ട്. ചിലർ പ്രതികരണങ്ങൾ മാറ്റി പറയുന്നുണ്ട്. അപ്പോൾ വിശ്വസിനീയത എന്നത് ഇല്ലാതാകുകയാണ്. ശരിക്കുള്ള ഇരകൾ കഷ്ടപ്പെടുന്നുമുണ്ട്. ആ ഒരു കാര്യത്തിൽ എനിക്ക് വിഷമമുണ്ട്.

പക്ഷേ ഇതൊരു വലിയ തുടക്കമാണ്. വയനാട് ദുരന്തം എല്ലാവരും മറന്നു. ഇപ്പോഴെല്ലാവരും ചർച്ച ചെയ്യുന്നത് ഈ വിഷയത്തെ പറ്റിയാണ്. സിനിമാ ലോകത്ത് മാത്രമേ ഉള്ളോ ഇതൊക്കെ. ഒരു കുടുംബം എടുത്ത് നോക്കിയാലും അവിടെയും ഇതില്ലേ. ശാരീരിക പീഡനം എന്നത് സ്ത്രീകൾക്ക് മാത്രമുള്ളതല്ല. പുരുഷന്മാരും അത് അഭിമുഖീകരിക്കുന്നുണ്ട്. കലാകാരന്മാർക്ക് സുരക്ഷിതമായി ജീവിച്ച് പോകാൻ സാധിക്കുന്നതിനുള്ള മാർ​ഗമാകട്ടെ ഇത്.

മനസ് കൊണ്ട് നമ്മൾ കരുത്തരാകുക എന്നതാണ്. പത്ത് വർഷത്തിന് ശേഷമല്ല ഒരു പീഡന വിവരം പുറത്തുവരേണ്ടത്. സംഭവം നടക്കുമ്പോൾ തന്നെ നമുക്ക് പ്രതികരിക്കാൻ കഴിയണം. പത്ത് വർഷത്തിന് ശേഷം പറയുമ്പോൾ അതിന്റെ വിശ്വസിനീയത നഷ്ടപ്പെടും. അതിലൊരു ന്യായമില്ലായ്മ സ്ത്രീകൾക്ക് പോലും തോന്നാറുണ്ട്. പ്രതികരിക്കാനുള്ള ആർജവം എല്ലാ സ്ത്രീകളിലും ഉണ്ടാകണം. അതിന് സാധിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ‌

Also read: ‘സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ പരിഗണിക്കില്ല’: ബീന ആന്റണി

എനിക്കും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സഹപ്രവർത്തകനിൽ നിന്നുതന്നെ. ആ ദുരനുഭവം ഞാൻ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട ആൾക്കാരുമായി സംസാരിച്ചു. അയാളുടെ ഭാ​ഗത്ത് നിന്നും ക്ഷമയും ഇനിയൊരു ശല്യവും ഉണ്ടാകില്ലെന്നും തീർപ്പ് ഉണ്ടാക്കി. പിന്നീട് അയാളിൽ നിന്നുമൊരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള അനുഭവങ്ങൾ എല്ലാ സ്ത്രീകൾക്കും എവിടെ നിന്നെങ്കിലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാകും. അതിനെ എതിർക്കാനുള്ള മരുന്ന് നമ്മൾ കണ്ടെത്തണം. നമ്മുടെ അനുവാദം ഇല്ലാത്തെ ശരീരത്തിൽ കയറി പിടിച്ചാൽ നോ എന്ന് പറയാനുള്ള ധൈര്യം സ്ത്രീ ആദ്യം ആർജിച്ച് എടുക്കണം. നമ്മളെ കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ്. മുതലക്കണ്ണീര് ഒഴുക്കാതെ ജെനുവിനായി കണ്ണീര് ഒഴുക്കുന്നവരുടെ മുന്നിൽ നീതി ദേവത കണ്ണ് തുറക്കട്ടെ എന്ന് മാത്രമെ ഉള്ളൂ. ഇതെല്ലാം പഞ്ചപുച്ഛമടക്കി മിണ്ടാതെ ഇരുന്നിരുന്നെങ്കിൽ, എന്റെ കാര്യം മാത്രം നോക്കി നടക്കുന്ന ഒരാളായിരുന്നുവെങ്കിൽ ഇന്ന് ഞാൻ 100മത്തെ പടം ആ​ഘോഷിച്ചേനെ. ഇല്ലെങ്കിൽ രണ്ട് നില കെട്ടിടവും ഒരുപാട് സാമ്പത്തിക സ്ഥിതിയും ഒക്കെ ഉണ്ടായേനെ. എനിക്ക് മാന്യത ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം മതി എനിക്ക് അവസരം. പട്ടിണി കിടന്നാലും അഭിമാനത്തോടെ മരിക്കും എന്നാണ്. യൂട്യൂബ് ചാനലിനോട് ആയിരുന്നു മനീഷയുടെ പ്രതികരണം.

Top