കൊച്ചി: ലഹരി കേസിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് വൈകിട്ടോടെ ചോദ്യം ചെയ്യലിനെത്തിയത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെയാണ് പ്രയാഗയെ ചോദ്യം ചെയ്യുന്നത്. നാലര മണിക്കൂറാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.
ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയതായാണ് വിവരം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസളിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.
Also Read: 3 വയസുകാരനെ ക്രൂരമായി തല്ലി; കൊച്ചിയിൽ അധ്യാപികക്കെതിരെ കേസ്
സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴിയെടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്. നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.