‘പഥേർ പാഞ്ചാലി’യിലെ ദുർ​ഗ; ഉമ ദാസ് ഗുപ്ത അന്തരിച്ചു

ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത ആദ്യം ലോകത്തെ അറിയിച്ചത് നടൻ ചിരഞ്ജിത് ചക്രവർത്തിയാണ്

‘പഥേർ പാഞ്ചാലി’യിലെ ദുർ​ഗ; ഉമ ദാസ് ഗുപ്ത അന്തരിച്ചു
‘പഥേർ പാഞ്ചാലി’യിലെ ദുർ​ഗ; ഉമ ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു മരണം. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്. 14ാം വയസിലായിരുന്നു അഭിനയം.

ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത ആദ്യം ലോകത്തെ അറിയിച്ചത് നടൻ ചിരഞ്ജിത് ചക്രവർത്തിയാണ് . ഉമാ ദാസ് ഗുപ്തയുടെ മകളിൽ നിന്നാണ് തനിക്ക് ഹൃദയഭേദകമായ വാർത്ത ലഭിച്ചതെന്ന് ചിരഞ്ജിത് വാര്‍ത്ത ചാനലിനോട് അറിയിച്ചു. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമയെ സത്യജിത് റേയി കാണുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.

സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതിനുശേഷം മറ്റൊരു ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടില്ല. സത്യജിത് റേ സംവിധാനം ചെയ്ത ഈ ചിത്രം 1929 ലെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ഇതേ പേരിലുള്ള ബംഗാളി നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഈ സിനിമയും ദുര്‍ഗ എന്ന കഥാപാത്രവും സജീവമാണ്.

Top