കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് നടി ഉഷ ഹസീന പറഞ്ഞു. അമ്മ സംഘടന നിലനില്‍ക്കണം. അര്‍ഹതയുള്ള ജനാധിപത്യ ബോധമുള്ള ഭാരവാഹികള്‍ വരണം. സ്ത്രീകള്‍ക്ക് ഭാരവാഹിത്വം ലഭിക്കണമെന്നും ഉഷ ഹസീന പ്രതികരിച്ചു.
‘മുന്‍പേ പല പ്രശ്‌നങ്ങള്‍ വന്നപ്പോഴും ലാലേട്ടന്‍ രാജിവെച്ചുപോകാനിരുന്നതാണ്. അദ്ദേഹത്തെ നിര്‍ബന്ധിച്ച് പിടിച്ചിരുത്തിയതാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്. നേരത്തെയുള്ള വിഷയം വന്നപ്പോഴെ അദ്ദേഹം പറഞ്ഞതാണ് താത്പര്യമില്ലെന്ന്. ഭയങ്കര സങ്കടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. അമ്മ സംഘടനയെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. അമ്മ സംഘടനയിലുള്ള കുറേ ആള്‍ക്കാര്‍ കാണിച്ചുക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെയാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. പല രീതിയിലുള്ള കാര്യങ്ങളുണ്ട്. ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല. പലപല കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞങ്ങളെ സ്ത്രീകളെ കേള്‍ക്കാന്‍ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ പോലും ആവശ്യപ്പെട്ടതാണ്.
ഞങ്ങളുടെ വിഷയങ്ങള്‍ കേള്‍ക്കാനും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും കരുത്തുള്ള ആരേയും പേടിക്കാത്ത ഒരു അംഗത്തെയെങ്കിലും വെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ആ സമയത്ത് പകരം ഒരാളെ ഓപ്റ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടും, ഞങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് അത്തരം ഒരാള്‍ വരുമെന്ന് പറഞ്ഞിട്ടുപോലും അങ്ങനെയൊരാളെയല്ല വെച്ചത്. ആ ആള്‍ വന്നിരുന്ന് പറഞ്ഞത് നമ്മള്‍ എല്ലാവരും കേട്ടതാണ്. ഈ ജനറല്‍ ബോഡി കഴിഞ്ഞ ശേഷം അമ്മയ്ക്ക് ഞാന്‍ രണ്ട് കത്തയച്ചിരുന്നു. ഞങ്ങളെ കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന ആളായിരിക്കണം എന്ന ആവശ്യമുന്നയിച്ചുള്ളതായിരുന്നു ആദ്യത്തെ കത്ത്. തീര്‍ച്ചയായിട്ടും അങ്ങനെയായിരിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി മറുപടി അയച്ചത്. എന്നാല്‍ ഒരു വിഭാഗം സ്ത്രീകള്‍ പറഞ്ഞതൊന്നും കേള്‍ക്കാതെയുള്ള പെരുമാറ്റവും തിരഞ്ഞെടുപ്പുമാണ് ഉണ്ടായത്’, ഉഷ പറഞ്ഞു.