കൊച്ചി: യുവനടിയുടെ വെളിപ്പെടുത്തലുകൾ മനോവിഷമമുണ്ടാക്കിയെന്ന് നടൻ അനൂപ് ചന്ദ്രൻ. ഇങ്ങനെ ആരോപണം നേരിടുന്ന ഒരാൾക്ക് എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. സിദ്ദിഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ അധ്യക്ഷന് മെയിൽ അയച്ചിരുന്നു. ഇതിന് മറുപടി ലഭിച്ചില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
ഇരയോട് കരുണ കാണിക്കണം. ഇക്കാര്യത്തിൽ ഇന്ന് മാധ്യമങ്ങളെ കാണാനിരുന്നതാണ്. ഇത്രയും ഭീകരമായ സ്‌റ്റേറ്റ്‌മെന്റാണ് ഉണ്ടായത്. അങ്ങനെയൊരാളാണോ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്നും അനൂപ് ചന്ദ്രൻ ചോദിച്ചു.
നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ രാജിവെക്കുന്നതായി ഇന്ന് രാവിലെയാണ് സിദ്ദിഖ് അറിയിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. ഇന്ന് എഎംഎംഎ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.
രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
Also Read:ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജി: നടൻ സിദ്ദിഖ്
ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു.