തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു

തൊഴിലാളി ക്ഷാമം കാരണം നിർമാണ പ്രവർത്തനങ്ങൾ വൈകുകയും പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്

തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു
തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ ക്ഷാമം. കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവിൽ തൊഴിലാളികൾ നാട് വിട്ട് പോയതും ഇതിന് പ്രധാന കാരണങ്ങളാണെന്ന് കരുതുന്നു.

തൊഴിലാളി ക്ഷാമം കാരണം നിർമാണ പ്രവർത്തനങ്ങൾ വൈകുകയും പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ വേതനം 40 ശതമാനം വരെ വർധിച്ചിരിക്കുകയാണ്. തൊഴിലാളി ക്ഷാമം മൂലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു.

ഇതോടെ പുതിയ വിസകൾ തുറന്ന് അധിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് ആവശ്യം ഉയർന്നിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതായി താമസ-കുടിയേറ്റ നിയമ ലംഘനങ്ങൾക്കെതിരായ നടപടികളിൽ ചെറിയ ഇളവുകൾ അനുവദിക്കുമെന്ന് സൂചനയുണ്ട്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരെ ആകർഷിക്കുന്നതിനും വിദേശത്തെ തൊഴിലാളി ഏജൻസികളുമായി സഹകരിച്ച് തൊഴിലാളികളെ കൊണ്ടുവരുന്നതിനും സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Top